Kerala
തിരുവനന്തപുരം: കേരളത്തിലെ ഗവണ്മെന്റ് മെഡിക്കൽ കോളജുകളിലെ ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിൽ മതിയായ യോഗ്യത ഇല്ലാത്തവരെ അസിസ്റ്റന്റ് പ്രഫസർമാരായി നിയമിക്കാൻ നീക്കമെന്ന് ആക്ഷേപം.
നിയമനത്തിനായി എംബിബിഎസും അതാതു വിഷയങ്ങളിലെ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ സീനിയർ റസിഡൻസി പരിശീലനവും യോഗ്യതയായി നിശ്ചയിച്ച് പിഎസ്സി അപേക്ഷ ക്ഷണിച്ചിരുന്നു.
പരീക്ഷ നിശ്ചയിച്ചിരുന്ന തീയതിയുടെ തലേ ദിവസം പരീക്ഷ മാറ്റിവയ്ക്കുന്നതായി അറിയിക്കുകയും മെഡിക്കൽ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത മറ്റു ചിലരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കഴിഞ്ഞദിവസം പിഎസ്സി പുതിയൊരു വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന നേതൃത്വം ആരോപിച്ചു.
നാഷണൽ മെഡിക്കൽ കമ്മീഷന്റെ ജൂലൈ രണ്ടിലെ പുതിയ മാർഗനിർദേശപ്രകാരം ബയോകെമിസ്ട്രി, മൈക്രോബയോളജി, അനാട്ടമി എന്നീ വകുപ്പുകളിൽ മെഡിക്കൽ ഡിഗ്രിയുള്ള അധ്യാപകരുടെ അഭാവമുണ്ടെങ്കിൽ മാത്രം നോണ്മെഡിക്കൽ ഉദ്യോഗാർഥികളെ പരിഗണിക്കാമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിർദേശത്തിന്റെ പിൻബലത്തിലാണു പുതിയ വിജ്ഞാപനമെന്നാണു കരുതപ്പെടുന്നത്.
എന്നാൽ, കേരളത്തിൽ ഇപ്പോൾതന്നെ ബയോകെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയ പ്രീ ക്ലിനിക്കൽ, പാരാ ക്ലിനിക്കൽ വിഭാഗങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ധാരാളമുണ്ട്. എംഡി ബയോകെമിസ്ട്രി പൂർത്തിയാക്കിയ 57 പേർ ഈ പിഎസ്സി പരീക്ഷയിലേക്ക് അപേക്ഷിച്ചിട്ടുള്ളതാണ്. പതിനഞ്ചോളം ഒഴിവുകൾ മാത്രമാണു നിലവിലുള്ളത്.
എംഡി മൈക്രോബയോളജി കഴിഞ്ഞ നൂറോളം ഉദ്യോഗാർഥികളും അപേക്ഷിച്ചിട്ടുണ്ട്. ആകെ ഒഴിവുകളുടെ മൂന്നിരട്ടിയിലധികം ആളുകൾ അപേക്ഷിക്കുകയും പരീക്ഷയ്ക്കായി തയാറാകുകയും ചെയ്തിരിക്കേ അപ്രതീക്ഷിതമായി പരീക്ഷ മാറ്റിവച്ചത് മെഡിക്കൽ ബിരുദം ഇല്ലാത്ത നോണ്മെഡിക്കൽ ഉദ്യോഗാർഥികൾക്ക് അനധികൃതമായി അവസരം നൽകുന്നതിനാണെന്നു വ്യക്തം.
ബയോകെമിസ്ട്രി, മൈക്രോബയോളജി, അനാട്ടമി, ഫിസിയോളജി, ഫാർമക്കോളജി എന്നീ വിഭാഗങ്ങളിലേക്ക് എംഡി യോഗ്യതയുള്ളവരെ മാത്രം അസിസ്റ്റന്റ് പ്രഫസർമാരായി നിയമിക്കുന്നതിനുള്ള നടപടികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ അടിയന്തരമായി സ്വീകരിക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ, സെക്രട്ടറി ഡോ. റോയി കെ. ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
CAREER DEEPIKA
തമിഴ്നാട്ടിലെ ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് ബോർഡ് അസിസ്റ്റന്റ് പ്രഫസറുടെ 2708 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി, ബിഎഡ്, നെറ്റ്/സെറ്റ്/പിഎച്ച്ഡി. പിഎസ്ടിഎം റിസർവേഷൻ കാറ്റഗറിയിൽ അപേക്ഷിക്കുന്നവർ എസ്എസ്എൽസി/പ്ലസ്ടു തലംവരെ തമിഴ് പഠിച്ചിരിക്കണം അല്ലെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ തമിഴ്നാട് പിഎസ്സി നടത്തുന്ന തമിഴ് ലാംഗ്വേജ് ടെസ്റ്റ് പാസാകണം.
ഒഴിവുള്ള വിഷയങ്ങൾ: ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി, കംപ്യൂട്ടർ സയൻസ്, ഫിസിക്സ്, സുവോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ജ്യോഗ്രഫി, ഹിസ്റ്ററി, കൊമേഴ്സ്, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, സംസ്കൃതം തുടങ്ങി നിരവധി വിഷയങ്ങളിലാണ് ഒഴിവ്.
കൂടുതൽ വിവരങ്ങൾക്ക്: www.trb.tn.nic.in